തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻ ലാൽ. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ദർശനം നടത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയി.
മധുവിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതാണ് മോഹൻ ലാൽ. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗും ഇവിടെവച്ചാണ്. ഷൂട്ടിംഗ് ആരംഭിക്കാനിരിക്കൊയാണ് രാവിലെ ക്ഷേത്രത്തിൽ എത്തിയത്. ദർശനം നടത്തിയ ശേഷം ക്ഷേത്രത്തിന് പുറത്തേക്ക് വരുന്ന മോഹൻ ലാലിന്റെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. പുറത്ത് എത്തിയ അദ്ദേഹത്തെ ക്ഷേത്രം അധികൃതർ പൊന്നാട അണിയിച്ചു.
ആറ് വർഷങ്ങൾക്ക് ശേഷമാണ് മോഹൻ ലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്നത്. ഇതിന് മുൻപ് 2016 ലായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. അന്ന് അദ്ദേഹത്തോടൊപ്പം ജി. സുരേഷ് കുമാർ, സനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നേര് ആണ് മോഹൻലാലിന്റെ പുതിയ ചിത്രം. ഇതിന്റെ ചിത്രീകരണമാണ് തിരുവനന്തപുരത്ത്.










