ശ്രീനഗർ: ജമ്മു കശ്മീരിൽ വാഹനത്തിനുള്ളിൽ സ്‌ഫോടനം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. അനന്തനാഗിലെ ലഖിപോരയിൽ ആയിരുന്നു സംഭവം.
ഇന്നലെ വൈകീട്ടോടെയായിരുന്നു വാഹനത്തിൽ സ്‌ഫോടനം ഉണ്ടായത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ് എട്ട് പേരും പ്രദേശവാസികളായ തൊഴിലാളികളാണ്. ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോഴാണ് സ്‌ഫോടന വിവരം അറിയുന്നത്. ഉടനെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാകാം സിലിണ്ടർ പൊട്ടിത്തെറിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ പരിശോധന ആരംഭിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവ സ്ഥലത്ത് സിആർപിഎഫ് സേനാംഗങ്ങൾ ഉൾപ്പെടെ എത്തി പരിശോധന നടത്തി. അതേ സമയം സ്‌ഫോടനം വലിയ പരിഭ്രാന്തിയാണ് ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്.








