കൊച്ചി: മറൈൻ ഡ്രൈവിലെ രാത്രി നിയന്ത്രണത്തിൽ വിശദീകരണവുമായി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള. നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയതാണെന്നും ആരുടെയും സ്വാതന്ത്ര്യം ഹനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗീകരിക്കാനാകാത്ത ചില കാര്യങ്ങൾ അവിടെ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതെന്നു അദ്ദേഹം വ്യക്തമാക്കി.
ശരിയല്ലാത്ത ചില കച്ചവടങ്ങളും അവിടെ നടക്കുന്നുണ്ട്. അതും തടയേണ്ടതുണ്ട്. എതിർപ്പുകൾ സ്വാഭാവികമാണ്. പ്രദേശം മാലിന്യ മുക്തമാക്കാൻ നടപടി സ്വീകരിക്കും. വെളിച്ചക്കുറവ് പരിഹരിക്കേണ്ടതുണ്ട്. പോലീസ് നിരീക്ഷണം കൂടി സജ്ജീകരിച്ച ശേഷമേ നിയന്ത്രണം നീക്കൂ. ബോട്ടുകളുടെ യാത്രയ്ക്കും കോസ്റ്റ് ഗാർഡുമായി ചേർന്ന് നിരീക്ഷണം ഏർപ്പെടുത്തണം. അനധികൃത കച്ചവടം പൂർണമായും ഒഴിവാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മറൈൻ ഡ്രൈവിൽ രാത്രി 10 മണി മുതൽ പുലർച്ചെ അഞ്ചുമണിവരെ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിരവധി പേരാണ് അധികൃതരെയും പോലീസിനെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post