തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വികസന സദസ്സുകൾക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന വീട്ടമുറ്റ യോഗങ്ങളിൽ പങ്കെടുക്കുന്നവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടാകാതെ മറുപടി കൊടുക്കണമെന്ന് നേതാക്കൾക്ക് ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി നിർദ്ദേശം. സഹകരണ മേഖലയിലെ അഴിമതി ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചോദ്യം ഉയർന്നു വന്നേക്കാമെന്ന സാഹചര്യം മുന്നിൽ കണ്ടാണ് പ്രത്യേക നിർദ്ദേശം. ഒക്ടോബർ 15 മുതലാണ് സിപിഎമ്മിന്റെ വീട്ടമുറ്റ യോഗങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് ഓരോ മണ്ഡലത്തിലും വികസന സദസ്സ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിന് മുന്നോടിയായാണ് വീട്ടുമുറ്റയോഗം നടത്തുന്നത്. 20 മുതൽ 50 വരെ വീട്ടുകാർക്ക് ഒരു യോഗം എന്ന നിലയിലായിരിക്കും സംഘടിപ്പിക്കുന്നത്. യോഗങ്ങളിൽ വിഷയങ്ങളിൽ അവതരപ്പിക്കുന്നതിന് പുറമെ, പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ട്. നേതാക്കൾ ഓരോ ചോദ്യത്തിനും പ്രകോപനം ഉണ്ടാക്കാത്ത രീതിയിൽ വ്യക്തമായ മറുപടി കൊടുക്കണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും നേതാക്കൾക്ക് നിർദ്ദേശമുണ്ട്. വികസന സദസ്സിന്റെ പ്രചാരണത്തിന്റെ ഒരു ഭാഗം പിആർ ഡിപ്പാർട്‌മെന്റ് നിർവഹിക്കുമെങ്കിലും, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പരിപാടി ആയതിനാൽ പ്രചാരണത്തിന്റെ മുഖ്യചുമതല ഇടതുമുന്നണി മണ്ഡലം കമ്മിറ്റികൾ ഏറ്റെടുത്ത് ബൂത്ത് അടിസ്ഥാനത്തിൽ പ്രചാരണം നടത്തണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post