കോട്ടയം : അമ്മയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മകന്‍ ആത്മഹത്യ ചെയ്തു. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശിയായ 50 വയസുള്ള ബിജുവാണ് ആത്മഹത്യ ചെയ്തത്. കഴുത്തില്‍ കയർ കുരുക്കിയ ശേഷം പാലത്തില്‍ നിന്ന് ചാടിയായിരുന്നു ബിജു ജീവനൊടുക്കിയത്.
ഇയാൾ ഓടിച്ചിരുന്ന സ്വന്തം ഓട്ടോറിക്ഷ പാലത്തിനോട് ചേർത്ത് നിർത്തി ഓട്ടോയിലും പാലത്തിലും കയർ കെട്ടിയശേഷം കഴുത്തിൽ കുരുക്കി താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. വാകത്താനം ഉദിക്കല്‍ പാലത്തിലായിരുന്നു ആത്മഹത്യ. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കൊലപാതകം ആണെന്ന് സംശയിച്ചിരുന്നെങ്കിലും പൊലീസ് പരിശോധനയില്‍ ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷമായിരുന്നു ബിജു അമ്മ സതിയെ കൊലപ്പെടുത്തുന്നത്. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് സതി മരണപ്പെട്ടത്. സാധാരണ മരണമെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാൽ സംസ്‌കാര ചടങ്ങിനിടെ ബന്ധുക്കളില്‍ ചിലര്‍ക്ക് മരണത്തില്‍ സംശയം തോന്നിയതോടെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിൽ മർദ്ദനമേറ്റാണ് മരണം എന്ന് കണ്ടെത്തി. അന്വേഷണത്തിൽ ബിജുവാണ് അമ്മയെ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. ഈ കേസിൽ ജയിലിൽ കഴിഞ്ഞു വരികയായിരുന്ന ബിജു ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.
Discussion about this post