മുംബൈ : ഛത്രപതി ശിവാജി മഹാരാജിന്റെ പുലി നഖം തിരിച്ച് ഇന്ത്യയ്ക്ക് നൽകാനൊരുങ്ങി ബ്രിട്ടൺ. 1659-ൽ ബീജാപൂർ സുൽത്താനേറ്റിന്റെ ജനറൽ അഫ്‌സൽ ഖാനെ പരാജയപ്പെടുത്താൻ ഉപയോഗിച്ച ആയുധമാണ് ഇപ്പോൾ ഭാരതത്തിലേക്ക് തിരിച്ചെത്തുന്നത്.
ഛത്രപതി ശിവാജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികമാണ് ഇത്. ഇതിന്റെ സ്മരണയ്ക്കായി മൂന്ന് വർഷം പ്രദർശനം നടത്താൻ ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് പുലി നഖം ഇവിടെ എത്തിക്കും. കരാറിൽ ഒപ്പുവെക്കാൻ മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി സുധീർ മുൻഗന്തിവാർ ചൊവ്വാഴ്ച ലണ്ടനിലെത്തും. തെക്കൻ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിൽ പുലി നഖം സൂക്ഷിക്കാനാണ് തീരുമാനം.
1659 ലെ പ്രതാപ്ഗഡ് യുദ്ധത്തിലെ മറാഠകളുടെ വിജയം ശക്തമായ സാമ്രാജ്യം സ്ഥാപിക്കാൻ ഛത്രപതി ശിവാജിയെ സഹായിച്ചു. അഫ്‌സൽ ഖാന്റെ നേതൃത്വത്തിലുള്ള ആദിൽഷാഹി സേനയെ പരാജയപ്പെടുത്താൻ മറാത്ത സേനയ്ക്കായി. ഇതോടെ മിടുക്കനായ സൈനിക തന്ത്രജ്ഞനെന്ന നിലയിൽ ഛത്രപതി ശിവാജിയുടെ പ്രശസ്തി ഉയർന്നു.
ഇന്നത്തെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവാജി അഫ്‌സൽ ഖാനെ വധിച്ചത്. ”അഫ്‌സൽ ഖാൻ ശിവാജി മഹാരാജിനെ യോഗത്തിനിടെ പുറകിൽ നിന്ന് കുത്തിയപ്പോൾ, ക്രൂരനായ അഫ്‌സൽ ഖാനെ മഹാരാജ് പുലി നഖം ഉപയോഗിച്ച് വകവരുത്തി” മുംഗന്തിവാർ പറഞ്ഞു. പുലി നഖം തങ്ങൾക്ക് പ്രചോദനത്തിന്റെയും ഊർജ്ജത്തിന്റെയും ഉറവിടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post