തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറുക്ക് മുറുക്കാന്‍ ഇ ഡി. പലതവണ ആവശ്യപ്പെട്ടിട്ടും സ്വത്തുവിവരങ്ങള്‍ ഹാജരാക്കാന്‍ കൂട്ടാക്കാത്ത കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ. കണ്ണന് അന്ത്യ ശാസനം നല്‍കി അന്വേഷണ ഏജന്‍സി. കണ്ണന്റെയും ബന്ധുക്കളുടേയും ആസ്തി വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ ഡി പലതവണ ആവശ്യപ്പെട്ടിരുന്നു. അന്ത്യശാസനമായി ഈ മാസം അഞ്ചിനകം രേഖകള്‍ ഹാജരാക്കണമെന്നാണ്് ഇ ഡി നിര്‍ദേശിച്ചിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലില്‍ സൗഹാര്‍ദ്ദപരമായാണ് പെരുമാറുന്നതും താന്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട് എന്നുമായിരുന്നു എം കെ കണ്ണന്റെ വാദം. എന്നാല്‍ അദ്ദേഹം അന്വേഷണത്തോട് യാതൊരു വിധത്തിലും സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ബന്ധുക്കളുടേതുള്‍പ്പടെയുള്ള ആസ്തി വിവരങ്ങള്‍, ആദായനികുതി റിട്ടേണുകള്‍, ബിസിനസിനെ പറ്റിയുള്ള വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹം പാന്‍കാര്‍ഡ് പോലും സമര്‍പ്പിച്ചിട്ടില്ല എന്നാണ് ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ ഒക്ടോബര്‍ അഞ്ചിനകം രേഖകള്‍ സമര്‍പ്പിക്കണമെന്ന് ഇ ഡി കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ ഇ ഡിക്ക് പൂര്‍ത്തിയാക്കാനായിരുന്നില്ല. കണ്ണനെ ചോദ്യം ചെയ്യാനായി വീണ്ടും ഇ ഡി വീണ്ടും നോട്ടീസ് നല്‍കും. എംകെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍, കരുവന്നൂര്‍ കള്ളപ്പണക്കേസിലെ മുഖ്യപ്രതിയായ പി സതീഷ്‌കുമാറിന് വന്‍ നിക്ഷേപമുണ്ടെന്നും ആര്‍ബിഐ ചട്ടത്തിന് വിരുദ്ധമായി ഒരു ദിവസം തന്നെ വലിയ തുകയുടെ ഇടപാട് നടത്തിയെന്നതടക്കം ഇ ഡി കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളും ഇ ഡി കണ്ണനില്‍നിന്ന് തേടിയിരുന്നു.
Discussion about this post