തിരുവനന്തപുരം : ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണം വെച്ച് ചീട്ടുകളിച്ച യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്ആര്‍ വിനയകുമാറിനെതിരെ വകുപ്പ് തല നടപടികൾക്ക് സാധ്യത. വിനയകുമാറടക്കം ഒൻപതുപേരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് ഇന്നലെ പിടികൂടിയത്. പിടിയിലായ വിനയകുമാർ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനാണ്. ഇവരുടെ പക്കൽ നിന്നും അഞ്ചു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

നഗരത്തിലെ സമ്പന്നരുടെ പ്രധാന ക്ലബുകളിൽ ഒന്നായ ട്രിവാന്‍ഡ്രം ക്ലബ്ലില്‍ നിന്നും ഇന്നലെയാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ക്ലബിൽ പണം വെച്ച് ചീട്ടുകളി നടക്കുന്നുണെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ഏഴുമണിയോടെ പോലീസ് ക്ലബിലെത്തി നടത്തിയ തിരച്ചിലിൽ ക്ലബിലെ അഞ്ചാം നമ്പർ ക്വാട്ടേഴ്‌സിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു . വിനയകുമാറിന്റെ പേരിൽ എടുത്ത മുറിയിലായിരുന്നു ചീട്ടുകളി നടന്നിരുന്നത്. മനോജ്, വിനോദ്, ശങ്കർ, വിനയകുമാർ, ഷിയാസ്, അഷ്റഫ്, സീതാറാം, സിബി ആന്റണി,അമൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.









