ഹൈദരാബാദ് : തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മെഹമ്മൂദ് അലി തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലാനായി ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കൃത്യസമയത്ത് പൂച്ചെണ്ട് നൽകാത്തതിന്റെ പേരിലാണ് ആഭ്യന്തരമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലാനാഞ്ഞത്. എന്നാൽ മന്ത്രിയുടെ കൈ കൃത്യമായി ദേഹത്ത് കൊള്ളാതിരുന്നതിനാൽ മർദ്ദനത്തിൽ നിന്നും ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടു.
തെലങ്കാന മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി ഹൈദരാബാദിലെ സർക്കാർ സ്‌കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഈ വിവാദ സംഭവം അരങ്ങേറിയത്.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടി. ശ്രീനിവാസ് യാദവും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ശ്രീനിവാസ് യാദവിന്റെ ജന്മദിനം ആയിരുന്നതിനാൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരാനായി ആഭ്യന്തരമന്ത്രി അടുത്തേക്ക് ചെന്നു. എന്നാൽ നൽകാനുള്ള പൂച്ചെണ്ട് കൂടെയുള്ള ഉദ്യോഗസ്ഥർ കൃത്യസമയത്ത് എത്തിച്ചില്ല. ഇതായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രകോപനത്തിന് കാരണമായത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ കടുത്ത വിമർശനമാണ് മുഹമ്മദ് മെഹമ്മൂദ് അലിയ്ക്കെതിരെ ഉയരുന്നത്. ആഭ്യന്തരമന്ത്രിയുടെ ഈ പ്രവൃത്തിയെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീനിവാസ് യാദവ് തടയാൻ ശ്രമിക്കുന്ന കാര്യം വീഡിയോയിൽ കാണാം. ഹൈദരാബാദിൽ നിന്നുള്ള എംഎൽഎമാരും കൂടിയാണ് മുഹമ്മദ് മെഹമ്മൂദ് അലിയും ടി ശ്രീനിവാസ് യാദവും. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ ഈ പ്രവൃത്തി ഇപ്പോൾ ദേശീയതലത്തിൽ തന്നെ ചർച്ചയായി മാറിയിട്ടുണ്ട്.








