ഗാസ: ഹമാസിന് ചുട്ടമറുപടിയായി ഗാസയിലേക്ക് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ആയിരത്തോളം ചെറു റോക്കറ്റുകളാണ് ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ തൊടുത്തത്. വരും മണിക്കൂറുകളിലും ശക്തമായ വ്യോമാക്രമണങ്ങൾ തുടരുമെന്നും ഇസ്രായേൽ അറിയിച്ചു.
ഹമാസ് ആക്രമണങ്ങൾ ശക്തമാക്കിയതോടെയാണ് ഇസ്രായേലും നടപടി കടുപ്പിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ നിർണായക നീക്കത്തിലൂടെ ഗാസയുടെ സമീപ മേഖലകൾ നിയന്ത്രണത്തിലാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ വീടുകൾ, മസ്ജിദുകൾ, സർവ്വകലാശാല, ടെലികമ്മ്യൂണിക്കേഷൻ ഓഫീസ് എന്നിവ തകർന്നതായാണ് റിപ്പോർട്ടുകൾ. ‘ വ്യോമാക്രമണങ്ങളുടെ വലിയ തരംഗം’ എന്നാണ് ഗാസയിലേക്കുള്ള വ്യോമാക്രമണങ്ങൾക്ക് ഇസ്രായേൽ പേര് നൽകിയിരിക്കുന്നത്.
ഇസ്രായേലികളുടെ ജീവൻ ത്യജിക്കേണ്ടിവന്നാലും ഹമാസിനെതിരായ പോരാട്ടം തുടരുമെന്നാണ് ഇസ്രായേലിന്റെ പ്രഖ്യാപനം. ഹമാസിന്റെ ഭീകര കേന്ദ്രങ്ങൾ മണ്ണായി ചേരുന്നതുവരെ ആക്രമണങ്ങൾ തുടരുമെന്നും ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.












