തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ ഡിവൈഎഫ്‌ഐ വനിതാ നേതാവിന് നിയമനം നൽകാൻ മന്ത്രി വി ശിവൻകുട്ടി ഇടപെട്ട സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന് പുറമേ 10 പേർക്ക് കൂടി മന്ത്രി ഇടപെട്ട് നിയമനം നൽകിയെന്നാണ് കണ്ടെത്തൽ. ഇതിനുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
കിലെയിൽ പ്രോജക്ട് കോഡിനേറ്റർ മുതൽ സ്വീപ്പർ വരെയുള്ള തസ്തികകളിലായിരുന്നു മന്ത്രി ഇഷ്ടക്കാരെ നിയമിച്ചത്. ചെയർമാനായ കാലത്തായിരുന്നു ഇതിൽ എട്ട് നിയമനങ്ങളും നടന്നത്. പിൻവാതിൽ വഴിയായിരുന്നു കിലെയിൽ ഈ നിയമനങ്ങൾ മുഴുവനും. സാധാരണയായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കാറുള്ളത്. മന്ത്രിയുടെ ഇടപെടലോടെ നിയമനങ്ങൾ നടത്തിയത് വഴി കിലെയ്ക്ക് വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായതെന്നും തെളിവുകളിൽ നിന്നും വ്യക്തമാകുന്നു.
2021-22 വർഷം പ്രോജക്ട് സ്റ്റാഫിൻറെ ശമ്പള ഇനത്തിൽ വകയിരുത്തിയത് 39.66 ലക്ഷം രൂപയാണ്. എന്നാൽ ശമ്പള ഇനത്തിൽ ചിലവഴിച്ചതാകട്ടെ 64. 68 ലക്ഷം രൂപയും. ഇതോടെയാണ് കിലെയിൽ അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ഡിവൈഎഫ്‌ഐ വനിതാ നേതാവ് സൂര്യ ഹേമന നിയമനം ലഭിക്കാൻ ശിവൻകുട്ടി ഇടപെട്ടതിന്റെ വിവരങ്ങൾ ആയിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പാർട്ടി ബന്ധമുള്ള 10 പേർക്ക് കൂടി മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നിയമനം ലഭിച്ചതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
Discussion about this post