ന്യൂഡൽഹി: ഇസ്രായേലിൽ വിവിധ ആവശ്യാർത്ഥം എത്തിയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ അജയ് ഇന്ന് ആരംഭിക്കും.ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യവിമാനം ഇന്ന് പുറപ്പെടും. എംബസിയിൽ രജിസ്റ്റർ ചെയ്തവരെയാണ് നാട്ടിലെത്തിക്കുക. യാത്ര പുറപ്പെടേണ്ടവർക് സന്ദേശം കൈമാറിയതായി എംബസി അറിയിച്ചു.
ഇസ്രായേലിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവെന്നും യുദ്ധമുഖത്ത് കഴിയുന്ന 18000 ഇന്ത്യക്കാരെ കൂടാതെ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും രക്ഷാ സഹായം തേടിയെന്നും എല്ലാ ഇന്ത്യാക്കാരെയും രക്ഷിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മടങ്ങാൻ രജിസ്റ്റർ ചെയ്തവരുടെ പട്ടിക തയാറെന്നും അവരെ ഇന്ന് ഇന്ത്യയിലേക്കുള്ള ആദ്യ പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്നും എംബസി അറിയിച്ചു.
സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. അതേസമയം ഗാസ വിടാൻ ആഗ്രഹിക്കുന്നവർക്ക്?? സുരക്ഷിത പാതയൊരുക്കാൻ അമേരിക്കയും ഈജിപ്തും ഇസ്രായേലും തമ്മിൽ ചർച്ച നടത്തും.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രായേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ നിർദേശിച്ചു.








