ലക്‌നൗ: പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥിനികളോട് അനുചിതമായി പെരുമാറിയ പ്രധാനാദ്ധ്യാപകനെതിരെ നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഒരു പ്രൈമറി സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപകൻ ആസിഫ് ജമാലിനെതിരെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അഞ്ച് വിദ്യാർത്ഥിനികളാണ് പരാതിപ്പെട്ടത്.
വിദ്യാർഥികൾ സ്‌കൂളിലെ ഒരു വനിതാ അധ്യാപികയെ വിവരമറിയിച്ചെങ്കിലും അവരെ സഹായിക്കുന്നതിനു പകരം മിണ്ടാതിരിക്കാൻ അവർ ആവശ്യപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
പ്രധാനാധ്യാപകന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരായ പെൺകുട്ടികളുടെ രക്ഷിതാക്കൾ ഒക്ടോബർ 13ന് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് വിദ്യാഭ്യാസ ഓഫീസർ ആസിഫ് ജമാലിനെ സസ്പെൻഡ് ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.










