പട്‌ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യത്തിന്റെ രണ്ടാമത്തെ ഗാന്ധിജിയാണെന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകളാണ് ഇപ്പോൾ പട്‌നയിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. ജനത ദൾ നേതാക്കൾ തന്നെയാണ് ഇത് സ്ഥാപിച്ചത്. ഇത് സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്.
എല്ലാവർക്കും സമത്വത്തിന്റെ പാഠം പഠിപ്പിച്ചതിന് നിതീഷ് കുമാറിനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റർ. സാമൂഹ്യ പരിഷ്‌കരണങ്ങൾ കൊണ്ടുവരാൻ ബിഹാർ മുഖ്യമന്ത്രി വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും മഹാത്മാഗാന്ധി സ്വീകരിച്ച പാതയാണ് അദ്ദേഹം പിന്തുടരുന്നതെന്നും ജെഡിയു നേതാക്കൾ പറഞ്ഞു. എന്നാൽ ഇത് പ്രചരിച്ചതോടെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
നിതീഷ് കുമാറിന്റെ ആരാധകരാണ് ഇത്തരത്തിലുളള പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത്.എന്ന് രാഷ്ട്രീയ ജനത ദൾ നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. എന്നാൽ ഇത്തരം പ്രവൃത്തികൾ ഒരിക്കലും ഗാന്ധിജിയെ അപമാനിക്കുന്നത് പോലെയാകരുത്. മഹാത്മാ ഗാന്ധിയെ പോലെയുളള വ്യക്തിത്വങ്ങൾ ആയിരം വർഷത്തിൽ ഒരിക്കൽ മാത്രമേ ജനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറിന്റെ പുതിയ പോസ്റ്ററിനെതിരെ ബിജെപിയും രംഗത്തെത്തി. നിതീഷ് കുമാറിനെ മഹാത്മാഗാന്ധിയോട് ഉപമിച്ചത് നിന്ദിക്കുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന വക്താവ് കുന്തൽ കൃഷ്ണ പറഞ്ഞു. ‘ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും അവസരവാദിയായ നേതാവ്’ എന്നാണ് ബിഹാർ മുഖ്യമന്ത്രിയെ കുന്തൽ കൃഷ്ണ വിശേഷിപ്പിച്ചത്.








