ടെൽ അവീവ് : യുഎസ് പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ഇസ്രായേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ച സുനക്, ബ്രിട്ടൺ ജനത ഇസ്രായേലിനൊപ്പമുണ്ടെന്ന് അറിയിച്ചു.
‘ഹമാസ് ഭീകരർ സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാൻ നിങ്ങൾ എല്ലാ മുൻകരുതലുകളും എടുക്കുന്നുവെന്ന് എനിക്കറിയാം. സഹായത്തിന്റെ ഭാഗമായി ഗാസയിലേക്കുള്ള വഴികൾ തുറന്ന് കൊടുക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇവിടെ അന്ധകാരം നിറഞ്ഞ ഈ സമയത്ത് സുഹൃത്ത് എന്ന നിലയിൽ ഇസ്രായേലിനൊപ്പം നിൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇവിടുത്തെ ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്നു. ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു’ ഋഷി സുനക് പറഞ്ഞു.
അതേസമയം ഗാസ യുദ്ധം ഇനിയും നീണ്ടുനിൽക്കും എന്ന് നെതന്യാഹു സുനകിനോട് പറഞ്ഞു. ഇതിന് യുകെയുടെ തുടർച്ചയായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 3,785 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച, ഗാസയിലെ ഒരു ആശുപത്രിയിൽ സ്‌ഫോടനം നടന്നതിന് പിന്നാലെ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ഈജിപ്തിനെ അനുവദിക്കുമെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. ഗാസയിലെ ഒരു ഭീകരസംഘം തൊടുത്തുവിട്ട റോക്കറ്റിന്റെ ഫലമായാണ് ഗാസ ആശുപത്രിയിൽ സ്ഫോടനം നടന്നത് എന്നാണ് ഇത് വിലയിരുത്തിയ വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
Discussion about this post