ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ തടഞ്ഞുവെക്കാനാവില്ലെന്ന് സുപ്രീം കോടതികൂടി വ്യക്തമാക്കിയതോടെ ബാലനീതി നിയമഭേദഗതി ബില്‍ ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കാമെന്ന് രാജ്യസഭയില്‍ സര്‍ക്കാറും പ്രതിപക്ഷവും ധാരണയിലത്തെി.
പുതുക്കിയ കാര്യപരിപാടിയായി തിങ്കളാഴ്ച ഉച്ചക്കുശേഷം ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലിയുടെ രാജി ആവശ്യത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് ചെറുക്കുകയായിരുന്നു.
ബലാത്സംഗക്കുറ്റം ചെയ്യുന്ന 16നും 18നുമിടയിലുള്ളവര്‍ക്ക് മുതിര്‍ന്നവര്‍ക്ക് നല്കുന്ന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന അജണ്ടയിലില്ലാത്ത ബില്‍ പൊതുവികാരം മാനിച്ച് അടിയന്തരമായി പരിഗണിച്ച് പാസാക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് ആവശ്യപ്പെട്ടു.
എന്നാല്‍, സഭാനടത്തിപ്പിനുണ്ടാക്കിയ ധാരണ പൊളിക്കുകയാണ് സര്‍ക്കാറെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. എങ്കില്‍ ബില്‍ അവതരിപ്പിച്ച് ചര്‍ച്ച ചൊവ്വാഴ്ചയാക്കാമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും പി.ജെ. കുര്യനും ആവശ്യപ്പെട്ടെങ്കിലും ബില്‍ പരിഗണിക്കലും ചര്‍ച്ചയും ചൊവ്വാഴ്ചയാക്കാമെന്ന് ഗുലാംനബി ആസാദ് തീര്‍ത്തുപറഞ്ഞു.
അതേസമയം, കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. കൊല്ലപ്പെട്ട ജ്യോതി സിങ്ങിന്റെ മാതാപിതാക്കള്‍ തിങ്കളാഴ്ച ജന്തര്മന്തറിലത്തെി സമരത്തില്‍ പങ്കുചേര്‍ന്നു. സുപ്രീംകോടതി വിധി അദ്ഭുതപ്പെടുത്തിയില്ലെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും അവര്‍ പ്രതികരിച്ചു.
Discussion about this post