ധാക്ക: ബംഗ്ലാദേശിൽ ദുർഗാപൂജാ ആഘോഷങ്ങൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ച് മതതീവ്രവാദികൾ. ദുർഗാപൂജാ ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച മണ്ഡപത്തിന് നേരെ ബീഫ് എറിഞ്ഞു. സംഭവത്തിൽ പ്രതികളായ നാല് മതതീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ധാക്ക ജില്ലയിലെ കെരണിഗഞ്ചിലാണ് സംഭവം. അർദ്ധരാത്രി ഇരുട്ടിന്റെ മറപിടിച്ച് പ്രദേശത്തെ ദേവി ക്ഷേത്രത്തിൽ എത്തിയ മതതീവ്രവാദികൾ മുൻപിലായി സ്ഥാപിച്ച ദുർഗാ മണ്ഡപത്തിന് നേരെ ഇറച്ചി എറിയുകയായിരുന്നു. ദുർഗാ പൂജയുടെ ഭാഗമായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നു. ഇതിനായി ക്ഷേത്രത്തിൽ എത്തിയ പൂജ കമ്മിറ്റി അംഗങ്ങളാണ് ആദ്യം സംഭവം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിഗ്രഹത്തിൽ ഉൾപ്പെടെ ഇറച്ചി എറിഞ്ഞിരുന്നു.
കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ക്ഷേത്രത്തിലെയും സമീപത്തെ വീടുകളിലെയും സിസിടിവി ക്യാമറകളിൽ പ്രതികളുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രദേശവാസികളായ മുഹമ്മദ് സുജാൻ, മുഹമ്മദ് റാക്കിബ്, ഇബ്രാഹിം ഉദ്ദിൻ, റിപോൺ ഹൊസ്സൈൻ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഇവർക്ക് ഇറച്ചി നൽകിയ കടക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post