ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഭീകരരെ തുരത്തിയോടിച്ചു. ഉറി സെക്ടറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രദേശത്ത് നിന്നും വൻ ആയുധ ശേഖരവും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
നിയന്ത്രണ രേഖവഴിയായിരുന്നു ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം. ഈ സമയം പ്രദേശത്ത് സുരക്ഷാ സേന പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അതിർത്തിവഴിയുള്ള സംശയാസ്പദമായ നീക്കം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ തടയുകയായിരുന്നു.
ഭീകരരെ വളഞ്ഞതോടെ ഇവർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. പ്രത്യാക്രമണത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ ഭീകരർ അതിർത്തി കടന്ന് പാകിസ്താൻ ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിന് ശേഷം നടത്തിയ തിരച്ചിലിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഇവർ എത്തിയത് എന്നാണ് സുരക്ഷാസേന സംശയിക്കുന്നത്. തോക്കുൾപ്പെടെയുള്ളവ പിടിച്ചെടുത്ത ആയുധ ശേഖരത്തിൽ ഉണ്ട്. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘം ആയിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്.










