മലയാളികളുടെ ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങൾ ജീവിതത്തിൽ ഒരുമിക്കുകയാണ്. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു. ദുർഗാഷ്ടമി ദിനമായ ഇന്ന് കുടുംബത്തിന്റെ എല്ലാ ആശിർവാദത്തോട് കൂടിയും വിവാഹനിശ്ചയം നടത്തിയതായി ഗോവിന്ദ് പത്മസൂര്യ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ജി പി എന്ന പേരിൽ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എംജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ജി പി സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നവാഗത നടനുള്ള നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കി. മഴവിൽ മനോരമ ചാനലിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ അവതാരകനായും ജി പി വലിയ ജനശ്രദ്ധ നേടി.

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് ഗോപിക അനിൽ. ശിവം, ബാലേട്ടൻ, മയിലാട്ടം എന്ന ചിത്രങ്ങളിൽ ബാലതാരമായി ശ്രദ്ധ നേടിയ ഗോപിക ഒരു ഡോക്ടർ കൂടിയാണ്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഗോപിക കൂടുതൽ ജനശ്രദ്ധ നേടുന്നത്. കബനി എന്ന ടെലിവിഷൻ പരമ്പരയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെങ്കിലും ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമാണ് ഗോപികയുടെ കരിയറിൽ വഴിത്തിരിവായത്.








