പാട്ന : വനിതാ പോലീസ് കോൺസ്റ്റബിളിനെ ഭർത്താവ് വെടിവെച്ചുകൊന്നു. ബീഹാറിൽ ആണ് ദാരുണമായ സംഭവം നടന്നത്. ഭഗല്‍പുര്‍ പോലീസില്‍ ട്രെയിനിയായ ശോഭാകുമാരി(23)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഇവരുടെ ഭർത്താവ് ഒളിവിൽ പോയി.
പോലീസുകാരിയായ യുവതിക്ക് ജോലി കിട്ടിയതോടെ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയമില്ലെന്ന് ഭർത്താവ് പരാതിപ്പെട്ടിരുന്നതായി ഇവരുമായി അടുപ്പമുള്ളവർ വെളിപ്പെടുത്തി. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നു. ഈ കാരണമാകാം കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് നിഗമനം. ശോഭാകുമാരിയുടെ ഭർത്താവ് ജെഹനാബാദ് സ്വദേശി ഗജേന്ദ്രയാദവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പാട്നയിലെ ഒരു ഹോട്ടൽ മുറിയിലാണ് പോലീസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭഗൽപുരിൽ നിന്നും പാട്നയിലേക്ക് ദുർഗാപൂജ പ്രമാണിച്ചുള്ള ഡ്യൂട്ടിക്കായി എത്തിയതായിരുന്നു ശോഭാകുമാരി. ആറുവര്‍ഷം മുന്‍പാണ് ഗജേന്ദ്രയാദവും ശോഭാകുമാരിയും വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്. കോച്ചിങ് സെന്റര്‍ നടത്തുന്ന ആളാണ് ഗജേന്ദ്രയാദവ്. പോലീസുകാരി കൊല്ലപ്പെട്ട ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് യുവതിയുടെ ഭർത്താവാണ് കൊല നടത്തിയത് എന്ന് പോലീസ് കണ്ടെത്തിയത്.








