പാലക്കാട് : വീടിനു പുറമെ അടുക്കളയ്ക്ക് സമീപത്തായി അപ്രതീക്ഷിതമായി കണ്ട കവർ തുറന്നു നോക്കിയ വീട്ടുകാർ ഞെട്ടി. അര ലക്ഷത്തിലധികം രൂപയായിരുന്നു ആ കവറിൽ ഉണ്ടായിരുന്നത്. കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ആ കുറിപ്പ് വായിച്ചതോടെയാണ് വീട്ടുകാർക്ക് കാര്യം പിടികിട്ടിയത്. വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ട മാല വിറ്റ് കിട്ടിയ പണം കള്ളൻ തിരികെ നൽകിയതാണ്.
പാലക്കാട് കുമരനല്ലൂരില്ലാണ് ഈ വ്യത്യസ്തമായ സംഭവം ഉണ്ടായത്. കുമരനല്ലൂർ എ ജെ ബി സ്കൂളിന് സമീപം താമസിക്കുന്ന ഷിഹാബിന്റെ മകളുടെ മാലയായിരുന്നു മോഷ്ടിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 19 ആം തീയതി ആയിരുന്നു ഷിഹാബിന്റെ മകളുടെ ഒന്നേകാൽ പവൻ തൂക്കം വരുന്ന മാല കാണാതായത്. വീടിന് സമീപത്തുള്ള കടയിലേക്ക് പോയി വന്ന ശേഷം മാല കാണാതാവുകയായിരുന്നു. വീട്ടുകാർ കുറേ അന്വേഷിച്ചു നടന്നെങ്കിലും മാല കണ്ടെത്താനായില്ല.
മാല മോഷ്ടിച്ചയാൾക്കാകട്ടെ ഈ മാല ലഭിച്ചതോടെ മനസ്സമാധാനം പോവുകയും ചെയ്തു. വീട്ടുകാർ മാല തിരയുന്നത് മോഷ്ടാവ് കണ്ടിരുന്നു. അപ്പോൾ കുറ്റബോധം തോന്നിയില്ലെങ്കിലും മാല വിറ്റ് പണമാക്കിയതോടെയാണ് മാനസാന്തരം വന്നത്. മനസമാധാനം നഷ്ടപ്പെട്ടതോടെ മാല വിറ്റ് കിട്ടിയ 52,500 രൂപ മുഴുവനായും ഷിഹാബിന്റെ കുടുംബത്തിന് തിരികെ ഏൽപ്പിക്കുകയായിരുന്നു.
Discussion about this post