തിരുവനന്തപുരം: പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പ്രശാന്തിനെ തിരഞ്ഞെടുത്തത്. കെ. അനന്തഗോപൻ ആണ് നിലവിലെ പ്രസിഡന്റ്. അനന്തഗോപന്റെ കാലാവധി തീരുന്നതിനെ തുടർന്നാണ് പ്രശാന്തിന് നറുക്ക് വീണത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പ്രശാന്ത് പരാജയപ്പെട്ട ശേഷം കോൺഗ്രസ് നേതൃത്വത്തെ പഴിചാരി പാർട്ടി വിടുകയായിരുന്നു. തുടർന്നാണ് സിപിഎമ്മിൽ ചേർന്നത്. നവംബർ 14 ന് പ്രശാന്ത് ദേവസ്വം പ്രസിഡന്റായി ചുമതലയേൽക്കും.
അതേസമയം മണ്ഡലകാലം പടിവാതിലിൽ എത്തി നിൽക്കെയുണ്ടായ മാറ്റം ശബരിമല മുന്നൊരുക്കങ്ങളെ ബാധിച്ചേക്കാമെന്ന് ഭക്തർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മണ്ഡലകാലത്ത് പതിവായി മുന്നൊരുക്കങ്ങളിൽ സർക്കാരിന് ഏറെ വീഴ്ചയുണ്ടാകുന്നതായി വിമർശനം ഉയർന്നിരുന്നു. മണ്ഡലകാലത്തിന്റെ ആദ്യ ദിനങ്ങളിൽ കൃത്യമായ സൗകര്യങ്ങളേർപ്പെടുത്താത്തത് അയ്യപ്പഭക്തരെ വലയ്ക്കുകയും ചെയ്തിരുന്നു. സമാനമായ സ്ഥിതിയാണോ ഇക്കുറിയും ആവർത്തിക്കപ്പെടുകയെന്നാണ് ആശങ്ക.
യുവജനക്ഷേമ ബോർഡിന്റെ മുൻ വൈസ് ചെയർമാനാണ് പ്രശാന്ത്. കഴിഞ്ഞ ഏപ്രിലിലും ഇരുമുടിക്കെട്ടേന്തി മല ചവിട്ടിയിരുന്നു. ദേവസ്വം ബോർഡിന്റെ നേതൃസ്ഥാനത്തേക്ക് ക്ഷേത്രാചാരങ്ങൾ അറിയാവുന്ന ആളുകളെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അതാണ് ഇക്കുറി പ്രശാന്തിനെ പരിഗണിച്ചതെന്നാണ് വിവരം. പാർട്ടി വിട്ടെത്തിയവർക്ക് മെച്ചപ്പെട്ട പദവി നൽകിയാൽ കൂടുതൽ പേരെ മറ്റ് പാർട്ടികളിൽ നിന്ന് എത്തിക്കാൻ കഴിയുമെന്നും സിപിഎം നേതൃത്വത്തിൽ അഭിപ്രായമുണ്ട്. ഇത് കൂടി പരിഗണിച്ചാണ് തീരുമാനം.












