തിരുവനന്തപുരം: ഭാര്യയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ. ഭാര്യയുടെ മാതൃ സഹോദരനെയാണ് യുവാവ് തലക്കടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയത്. തിരുവനന്തപുരം കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്ക്മൻസാണ് (57) കൊല്ലപ്പെട്ടത്. സംഭവത്തിൽ വലിയതുറ സ്വദേശി രഞ്ജിത്തിനെയാണ് (34) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുമായി രഞ്ജിത്ത് വഴക്കുണ്ടാക്കിയത് ബർക്കുമൻസ് ചോദ്യം ചെയ്യുകയും പറഞ്ഞു വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല. വീട്ടിൽ ഉറങ്ങിക്കിടന്ന ബർക്ക്മൻസിനെ മുഖത്തും തലയിലും ഇടിച്ചും ചവിട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചും പ്രതി പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാൾ കഴിഞ്ഞ 23ന് മരിച്ചു. കാഞ്ഞിരംകുളം പോലീസ് ഇൻസ്‌പെക്ടർ അജിചന്ദ്രന്റെ നേതൃത്വത്തിൽ എഎസ്ഐ റോയി, എസ് സിപിഒ വിമൽ കുമാർ, വിമൽ രാജ്, ദിൻഷാ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post