ന്യൂഡൽഹി: എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ മഹാരാഷ്ട്രയിലെ വീടിന് തീയിട്ട് മറാത്ത ക്വാട്ട പ്രതിഷേധക്കാർ. മറാത്ത ക്വാട്ട വിഷയത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് സംഭവം. എംഎൽഎയും കുടുംബവും വീട്ടിലുള്ളപ്പോഴാണ് അക്രമം നടന്നത്. എന്നാൽ, തീപിടുത്തത്തിൽ ആർക്കും പരിക്കില്ലെന്നും കുടുംബാംഗങ്ങളും ജീവനക്കാരും സുരക്ഷിതരാണെന്നും എംഎൽഎ അറിയിച്ചു. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും പ്രതിഷേധക്കാർ കല്ലെറിഞ്ഞ് തകർത്തു.
മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെയുടെ നിരാഹാര സമരത്തെക്കുറിച്ചുള്ള സോളങ്കെയുടെ പരാമർശമാണ് അക്രമത്തിന് കാരണം. മറാത്ത സമുദായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നായിരുന്നു സംവരണം ആവശ്യപ്പെട്ട് കൊണ്ട് മനോജ് ജാരങ്കയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. പിന്നീട് മറാത്ത സമുദായത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുകൾ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ജാരംഗെയുടെ നേതൃത്വത്തിൽ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു.








