കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ എഡിറ്റോറിയലിൽ രൂക്ഷമായ ആക്രമണം. “മര്യാദയ്ക്ക് സംസാരിക്കണം” എന്ന കടുത്ത തലക്കെട്ടോടെ നൽകിയ മുഖപ്രസംഗത്തിൽ, സതീശന്റെ നിലപാടുകൾ ഏകപക്ഷീയവും രാഷ്ട്രീയ അജണ്ട വച്ചുള്ളതുമാണെന്ന് പത്രം കുറ്റപ്പെടുത്തുന്നു.
മുസ്‌ലിം പിന്തുണയുള്ള നേതാവെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായാണ് വി.ഡി. സതീശൻ കാന്തപുരത്തിനെതിരെ രംഗത്തുവന്നതെന്ന് ലേഖനം ആരോപിക്കുന്നു. കാന്തപുരത്തിന്റെ പരാമർശങ്ങളെ സതീശൻ സമീപിച്ചത് “കുരുടൻ ആനയെ തൊട്ടതുപോലെ” മാത്രമാണെന്ന് വിശേഷിപ്പിച്ച എഡിറ്റോറിയൽ, അദ്ദേഹത്തിന്റെ മുൻകാല നിലപാടുകളിലെ ഇരട്ടത്താപ്പും തുറന്നുകാട്ടുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ശക്തമായി എതിർത്തുനിന്ന രാഷ്ട്രീയ നേതാവാണ് സതീശനെന്നും, എന്നാൽ ഇന്ന് അദ്ദേഹം സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സതീശന്റെ പരസ്യ നിലപാടും, പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലെ താല്പര്യവുമെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയ മാറ്റങ്ങളുടെ തെളിവായി പത്രം നിരത്തുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ വായനാശീലത്തെക്കുറിച്ചുള്ള പരോക്ഷ വിമർശനവും എഡിറ്റോറിയലിലുണ്ട്. വലിയ വായനക്കാരനാണെന്ന് അവകാശപ്പെടുന്ന സതീശൻ ഇതുവരെ നോവലുകൾ ഒന്നും എഴുതിയിട്ടില്ലെന്നും, എന്നാൽ അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിക്കാത്ത രമേശ് ചെന്നിത്തല സാഹിത്യരചനകൾ നടത്തിയിട്ടുണ്ടെന്നും പത്രം സതീശനെ പരിഹസിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് സതീശൻ നടത്തുന്ന ഇത്തരം ഏകപക്ഷീയമായ പ്രസ്താവനകൾ തിരുത്തപ്പെടണമെന്ന ശക്തമായ സന്ദേശമാണ് സമസ്ത ഇതിലൂടെ നൽകുന്നത്.












