ലഖ്‌നൗ: കണ്‍പൂരില്‍ 10-ാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ട്യൂഷൻ അധ്യാപിക ഉൾപ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. അധ്യാപികയായ 21കാരി രചിത, ആണ്‍സുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യന്‍ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത്, വിദ്യാര്‍ത്ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്. സ്‌റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ത്ഥിയും പ്രവേശിക്കുന്നതും പിന്നീട് പ്രഭാത് മാത്രം പുറത്തേക്ക് വരുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ കുടുംബത്തിൽ നിന്നും പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം. എന്നാൽ, അതിന്മുൻപ് തന്നെ കുട്ടി മരിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post