തിരുവനന്തപുരം : സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്ന ഉത്തരവ് ഇന്ന് പുറത്തിറങ്ങില്ല. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ചേർന്ന യോഗത്തിനിടയിലാണ് റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
നിലവിലെ വൈദ്യുതി താരിഫ് കാലാവധി ഇന്ന് അവസാനിക്കാനായിരിക്കെ ആയിരുന്നു റെഗുലേറ്ററി കമ്മീഷൻ പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നത്. ഈ യോഗത്തിനിടയിൽ ഒരു അംഗത്തിന് സുഖമില്ലാതെ ആവുകയായിരുന്നു. തുടർന്ന് യോഗം നിർത്തിവെച്ചു. കമ്മീഷനിലെ മൂന്ന് അംഗങ്ങളും കൂടിച്ചേർന്നാണ് താരിഫ് വർദ്ധനവിൽ തീരുമാനമെടുക്കുക.
കമ്മീഷനിലെ ഒരു അംഗത്തിന് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങാൻ സാധ്യതയില്ല. നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട ഉത്തരവ് ഇനി എന്ന് പുറത്തിറക്കും എന്നുള്ളത് അനിശ്ചിതത്വത്തിലാണ്.







