കീവ്: റഷ്യയുമായുള്ള രൂക്ഷമായ യുദ്ധത്തിന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിനായി അശ്ലീല ഉള്ളടക്കങ്ങളുടെ (പോണോഗ്രഫി) നിർമാണവും വിതരണവും നിയമവിധേയമാക്കാൻ യുക്രെയ്ൻ ഒരുങ്ങുന്നു. രാജ്യത്തെ അഡൾട്ട് എന്റർടെയ്ൻമെന്റ് വ്യവസായത്തെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കുന്നതിലൂടെ വലിയ തോതിൽ നികുതി വരുമാനം ഉണ്ടാക്കാമെന്നാണ് യുക്രെയ്ൻ പാർലമെന്റിലെ പുതിയ നീക്കം. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദ് വോൾ സ്ട്രീറ്റ് ജേണൽ’ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പാർലമെന്റിന്റെ ധനക്കമ്മിറ്റി അധ്യക്ഷനും എം.പിയുമായ യാരോസ്‌ലാവ് ഷെലെസ്നിയാക് അവതരിപ്പിച്ച പുതിയ ബില്ലിലാണ് ഈ നിർദേശമുള്ളത്. നിയമവിധേയമാക്കുന്നതിലൂടെ കോടിക്കണക്കിന് രൂപ നികുതി ഇനത്തിൽ ലഭിക്കുമെന്നും, ഈ തുക ഉപയോഗിച്ച് റഷ്യയ്‌ക്കെതിരായ യുദ്ധ മുന്നണിയിലേക്ക് 30,000 സൈനിക ഡ്രോണുകൾ വാങ്ങാൻ സാധിക്കുമെന്നും ഷെലെസ്നിയാക് ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള യുക്രെയ്ൻ നിയമപ്രകാരം അശ്ലീല ചിത്ര നിർമാണവും വിതരണവും ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ്. എന്നാൽ രാജ്യത്തെ ചില പോലീസ് ഉദ്യോഗസ്ഥരുടെയും അഴിമതിക്കാരായ അധികൃതരുടെയും ഒത്താശയോടെ അനധികൃതമായി വലിയൊരു അഡൾട്ട് വ്യവസായം തന്നെ യുക്രെയ്നിൽ നിലനിൽക്കുന്നുണ്ട്. അശ്ലീല ചിത്ര നിർമാണം മറച്ചുവെക്കുന്നതിന് ഉദ്യോഗസ്ഥർ വൻതുക കൈക്കൂലി വാങ്ങുന്നതായി പ്രോസിക്യൂട്ടർ ജനറലിന്റെ അന്വേഷണത്തിലും വ്യക്തമായിരുന്നു.
അടുത്തിടെ അഡൾട്ട് കോണ്ടന്റ് ക്രിയേറ്റർമാരിൽ നിന്ന് നികുതി ഈടാക്കാൻ യുക്രെയ്ൻ നീക്കം നടത്തിയിരുന്നുവെങ്കിലും, വരുമാനം വെളിപ്പെടുത്തിയാൽ ക്രിമിനൽ കേസിൽ കുടുങ്ങുമെന്ന ഭയത്താൽ പലരും മുന്നോട്ടുവന്നില്ല. നികുതി അടച്ചാൽ നിയമനടപടി നേരിടേണ്ടി വരികയും, അടച്ചില്ലെങ്കിൽ നികുതി വെട്ടിപ്പിന് കേസാകുകയും ചെയ്യുന്ന വിചിത്രവും സങ്കീർണ്ണവുമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അതുകൊണ്ട് തന്നെ ഇതിനെ നിയമവിധേയമാക്കുകയാണ് പ്രായോഗിക പരിഹാരമെന്നും ഷെലെസ്നിയാക് വ്യക്തമാക്കി.
പ്രസിദ്ധമായ ‘ഒൺലിഫാൻസ്’ (OnlyFans) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം 2023-ൽ 7,900-ലേറെ യുക്രെയ്ൻ സ്വദേശികൾക്ക് വൻതുക വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദേശ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വരുമാനത്തെ നിയമവിധേയമാക്കി കൃത്യമായ നികുതി ചുമത്തുന്നതിലൂടെ തകർന്നടിയുന്ന സമ്പദ്‌വ്യവസ്ഥയ്ക്കും പ്രതിരോധ ബജറ്റിനും വലിയൊരു താങ്ങാകാൻ സാധിക്കുമെന്നാണ് യുക്രെയ്ൻ പാർലമെന്റിന്റെ വിലയിരുത്തൽ. ബിൽ നിലവിൽ പാർലമെന്റിന്റെ പ്രാഥമിക അംഗീകാരം നേടിയിട്ടുണ്ടെന്നാണ് വിവരം.











