ന്യൂഡൽഹി: പാരിസിൽ നിർമിച്ച ബി.എ.പി.എസ് സ്വാമിനാരായൺ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഭാരതവും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക, നയതന്ത്ര ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിർച്വലായി ചടങ്ങിൽ സംസാരിക്കവെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഗോള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നൂറ്റാണ്ടുകളോളം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും അവസരങ്ങളുടെയും പ്രതീകമായി ഈ ദിവ്യക്ഷേത്രം നിലകൊള്ളുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും താനും ചേർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), പ്രതിരോധം, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ പുതിയ ഊർജ്ജത്തോടും വേഗതയോടുമാണ് ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നേറുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന സാംസ്കാരിക-രാഷ്ട്രീയ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ഈ സഹകരണം പടുത്തുയർത്തിയിരിക്കുന്നത്. 2026 ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷമായി ആഘോഷിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
‘മേഡ് ഇൻ ഇന്ത്യ, ബിൽറ്റ് ഇൻ ഫ്രാൻസ്’ എന്ന ആശയം ഉൾക്കൊണ്ടാണ് ഈ സ്വാമിനാരായൺ ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് കൊത്തിയെടുത്ത കല്ലുകൾ ഫ്രാൻസിലെത്തിച്ച് ആധുനിക എൻജിനീയറിങ് മികവോടെ കോർത്തിണക്കുകയായിരുന്നു. പരമ്പരാഗത ഭാരതീയ ശില്പകലയും ഫ്രഞ്ച് സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ക്ഷേത്രം യാഥാർത്ഥ്യമാക്കിയത്. ആത്മീയതയ്ക്കൊപ്പം തന്നെ സാമൂഹിക സേവനത്തിന്റെയും വലിയൊരു കേന്ദ്രമായി പാരിസിലെ ഈ ക്ഷേത്രം മാറും.
ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിന് വേണ്ടി ജീവൻ നൽകിയ ഇന്ത്യൻ സൈനികരുടെ ത്യാഗവും, സംസ്കൃത ഭാഷയെ പ്രചരിപ്പിക്കുന്നതിൽ ഫ്രഞ്ച് പണ്ഡിതന്മാർ വഹിച്ച പങ്കും പ്രധാനമന്ത്രി അനുസ്മരിച്ചു. റോമെയ്ൻ റോളണ്ട്, ശ്രീ അരബിന്ദോ ആശ്രമത്തിലെ ‘ദ മദർ’, സ്വാമി പ്രഭുപാദ എന്നിവരിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ കൈവന്ന ആത്മീയ ബന്ധത്തെക്കുറിച്ചും മോദി പരാമർശിച്ചു. പാരിസിലെ ഈശ്വരീയ ചൈതന്യം ഫ്രാൻസിന്റെ സാംസ്കാരിക വൈവിധ്യത്തെ കൂടുതൽ സമൃദ്ധമാക്കുമെന്നും യൂറോപ്പിലുടനീളം ഭാരതീയ സംസ്കാരത്തിന്റെ സന്ദേശം എത്തിക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.











