ന്യൂഡല്‍ഹി : ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും. ഇത് സംബന്ധിച്ച് എംപി കമ്മിറ്റിക്ക് കത്ത് നല്‍കി. കൂടാതെ തന്റെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയെയും അഭിഭാഷകന്‍ ജസ് ആനന്ദ് ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്നും മഹുവ മൊയ്ത്ര കത്തില്‍ ആവശ്യപ്പെട്ടു. നവംബര്‍ രണ്ടിന് പതിനൊന്ന് മണിക്ക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാകുമെന്നാണ് തൃണമൂല്‍ എംപി അറിയിച്ചിരിക്കുന്നത്.
പാര്‍ലമെന്റ് എത്തികസ് കമ്മിറ്റിക്ക് അയച്ച് കത്ത് പരസ്യപ്പെടുത്തി കൊണ്ടാണ് മഹുവ മൊയ്ത്ര ഇക്കാര്യം വ്യക്തമാക്കിയത്. ഒദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് കത്തിലെ വിശദാംശങ്ങള്‍ എംപി പുറത്ത് വിട്ടത്. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എത്തിക്‌സ് കമ്മിറ്റിക്ക് പരസ്യമാക്കാമെങ്കില്‍ താന്‍ നല്‍കിയ കത്തും പരസ്യമാക്കുന്നതില്‍ തെറ്റില്ലെന്ന കുറിപ്പോടെയാണ് കത്ത് എക്‌സില്‍ പോസ്റ്റ് ചെയ്തത്.
സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദേഹാദ്രായി തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും സമര്‍പ്പിച്ചിട്ടില്ലെന്നും മഹുവാ മൊയ്ത്ര കത്തില്‍ ആരോപിക്കുന്നു. അതിനാല്‍ ദേഹാദ്രായിയെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണം. കൂടാതെ ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് രേഖാമൂലമുള്ള തെളിവുകളുടെ അഭാവത്തില്‍ കമ്മിറ്റിക്ക് സത്യവാങ്മൂലം നല്‍കിയ വ്യവസായി ദര്‍ശന്‍ ഹിരാന്ദാനിയെയും ക്രോസ് വിസ്താരം ചെയ്യാന്‍ വിളിക്കേണ്ടത് അനിവാര്യമാണെന്നും മഹുവ മൊയ്ത്ര കത്തില്‍ ആവശ്യപ്പെട്ടു.
തൃണമൂല്‍ എപി മഹുവ മൊയ്ത്ര പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് ആരോപണം. കൂടാതെ ചോദ്യങ്ങള്‍ നല്‍കുന്നതിനായി തന്റെ പാര്‍ലമെന്റ് ലോഗിന്‍ ക്രെഡന്‍ഷ്യല്‍സ് മഹുവ മൊയ്ത്ര ഹിരാനന്ദാനിക്ക് നല്‍കിയതായും ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മഹുവ മൊയ്ത്രയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
Discussion about this post