ചണ്ഡീഗഡ്: ഇറ്റലിയിൽ നിന്ന് നാട്ടിലെത്തിയ ഭർത്താവ് ഭാര്യയെ തറയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ കപൂർത്തലയിലാണ് സംഭവം. 45 കാരിയായ ഹർപ്രീത് കൗറാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഒളിവിൽ പോയ പ്രതി സുഖ്ദേവ് സിംഗിനായി അന്വേഷണം ഊർജിതമാക്കിയതായി കപൂർത്തല സീനിയർ പോലീസ് സൂപ്രണ്ട് വത്സല ഗുപ്ത പറഞ്ഞു.
തിങ്കളാഴ്ചയാണ് ഇയാൾ ഇറ്റലിയിൽ നിന്ന് ഗ്രാമത്തിലെത്തിയത്. ഇവർ തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. വീട്ടിലെത്തിയ ശേഷം ഭാര്യയുമായി പ്രതി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ ഹർപ്രീത് കൗറിനെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി തല ശക്തിയായി തറയിൽ ഇടിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഹർപ്രീത് കൗർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇതോടെ സുഖ്‌ദേവ് സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. പ്രതിയ്ക്കായി ബന്ധുവീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സുഖ്‌ദേവിനെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പോലീസ് അറിയിച്ചു
Discussion about this post