ജെറുസലേം: സൈന്യം ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞെതായി ഇസ്രയേല്‍. ഇസ്രയേല്‍ സൈനികര്‍ ഗാസയെ പൂര്‍ണമായി വളഞ്ഞു കഴിഞ്ഞെന്നും വെടിനിര്‍ത്തല്‍ വിഷയം നിലവില്‍ പരിഗണനയിലില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ പ്രത്യാക്രമണം തുടങ്ങിയത്.
ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങി ഒരു മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഗാസ വളഞ്ഞുള്ള ആക്രമണം ഇസ്രയേല്‍ ശക്തമാക്കിയത്. ഹമാസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കിയ ശേഷമേ ആക്രമണം നിര്‍ത്തൂ എന്ന നിലപാടിലാണ് ഇസ്രയേല്‍. അതേ സമയം, ഹമാസ് ബന്ദികളാക്കിയ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെയുള്ള 240 പേരെ മോചിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേല്‍ സൈന്യം. ബന്ദികളുടെ മോചനം മുന്‍നിര്‍ത്തി മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടതിനേക്കാള്‍ വളരെ കൂടുതലാണെന്ന് ഹമാസ് ഭീകരന്‍ അബു ഉബൈദ പറഞ്ഞു. ഗാസയില്‍ പ്രവേശിച്ചാല്‍ ഇസ്രയേല്‍ സൈനികര്‍ കറുത്ത ബാഗുകളിലായാവും തിരിച്ചെത്തുകയെന്നും അബു ഉബൈദ മറുപടി നല്‍കി.











