തിരുവനന്തപുരം: തിരുവനന്തപുരത്ത് ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിയിരുന്ന വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. സംഭവത്തിൽ സറ്റുഡിയോ നടത്തിപ്പുകാരൻ ഉൾപ്പെടെ രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ നടത്തിയിരുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 78.78 ഗ്രാം എംഡിഎംഎയാണ് പരിശോധനയിൽ കണ്ടെത്തിയത്. രാജാജി നഗർ സ്വദേശി മജീന്ദ്രൻ, പെരിങ്ങമല സ്വദേശി ഷോണ്‍ അജി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ടാറ്റൂ കേന്ദ്രം വഴി ലഹരി വിൽപ്പന നടക്കുന്നവെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷണം തുടങ്ങിയത്. മജീന്ദ്രന്റെ വീട്ടിൽ നടന്ന പരിശോധനയിലും ലഹരിമരുന്ന് പിടിച്ചെടുത്തു. ടാറ്റൂചെയ്യാൻ ഏറെ സമയം വേണ്ടിവരും. ഒപ്പം വേദനയും അനുഭവിക്കണം. ഇതും രണ്ടും ഒഴിവാക്കാനുള്ള ഉപാധി എന്നുപറഞ്ഞാണ് ടാറ്റൂ ചെയ്യാനെത്തുന്നവർക്ക് എംഡിഎംഎ നൽകുന്നത്. ഇത്തരത്തിലാണ് ഇവിടെ വരുന്നവർ ലഹരിക്കടിമകളാവുന്നത്. ടാറ്റൂ കേന്ദ്രങ്ങളിൽ ഇനിയും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
Discussion about this post