ഭോപ്പാൽ : മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർവ്വമീണ സമാജ് പാർട്ടി അദ്ധ്യക്ഷൻ ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ സാന്നിധ്യത്തിലാണ് എസ് എസ് പി അദ്ധ്യക്ഷൻ ജഗദീഷ് സിംഗ് മീണയും അനുയായികളും ബിജെപി അംഗത്വം സ്വീകരിച്ചത്.
പിന്നോക്ക വിഭാഗക്കാരെയും എസ് സി – എസ് ടി വിഭാഗക്കാരെയും ചേർത്തുനിർത്തുന്നത് ബിജെപി ആണെന്ന് തോന്നിയതിനാൽ ആണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതെന്ന് ജഗദീഷ് സിംഗ് മീണ വ്യക്തമാക്കി. “പദവികൾക്കോ തിരഞ്ഞെടുപ്പ് സീറ്റിനോ വേണ്ടിയല്ല ബിജെപിയിൽ ചേർന്നത്. രാഷ്ട്രത്തോടും സനാതന ധർമ്മത്തിന്റെ ആദർശങ്ങളോടും ചേർന്ന് നിൽക്കുന്നവരാണ് തങ്ങൾ. ബിജെപിയും അങ്ങനെയുള്ളവരാണ്. അതിനാലാണ് ബിജെപിയിൽ ആകൃഷ്ടനായത്” എന്നും മീണ വ്യക്തമാക്കി.
ഇന്ത്യയിൽ നവംബർ 17ന് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. 230 നിയമസഭാ മണ്ഡലങ്ങളാണ് മധ്യപ്രദേശിൽ ഉള്ളത്. ഡിസംബർ മൂന്നിനാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുക.








