പാകിസ്താൻ അധിനിവേശ കശ്മീരിൽ (പിഒകെ) പാകിസ്ഥാൻ സംഘടിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പിനെ ‘വെറുമൊരു പ്രഹസനം’ എന്ന് വിശേഷിപ്പിച്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. പാകിസ്ഥാന്റെ അനധികൃത അധിനിവേശവും കശ്മീരിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമം മാത്രമാണ് ഈ തെരഞ്ഞെടുപ്പെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) തുറന്നടിച്ചു. ജമ്മു & കശ്മീരും ലഡാക്കും അടങ്ങുന്ന സമ്പൂർണ്ണ ഭൂപ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, അനധികൃതമായി പാകിസ്ഥാൻ കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിന്മേലുള്ള ഇന്ത്യയുടെ നിലപാട് വ്യക്തവും തർക്കമില്ലാത്തതുമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രദേശവാസികൾ നേരിടുന്ന ഭരണഘടനാപരമായ അവഗണനകൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ മേഖലയിൽ വൻ ജനരോഷവും പ്രക്ഷോഭങ്ങളും ആളിക്കത്തുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ ഈ നീക്കം. ഇതിനുപുറമേ, സിന്ധുനദീതട സംസ്കാരത്തിന്റെ പാരമ്പര്യം തങ്ങളുടേതാണെന്ന് അവകാശപ്പെടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെയും ഇന്ത്യ കടുത്ത ഭാഷയിൽ പരിഹസിച്ചു. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരവാദത്തെയും മതതീവ്രവാദത്തെയും അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തിന്, മതേതരവും വൈവിധ്യപൂർണ്ണവുമായ ഒരു സാംസ്കാരിക പാരമ്പര്യത്തിൽ അവകാശവാദം ഉന്നയിക്കാൻ യാതൊരു അർഹതയുമില്ലെന്ന് ജയ്‌സ്വാൾ വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ട പാകിസ്ഥാന്റെ ഇത്തരം വ്യാജ പ്രചാരണങ്ങൾ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വിലപ്പോവില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.










