പാലക്കാട് : സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കോട്ടോപാടത്ത് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ആണ് തെരുവ് നായ ആക്രമണം ഉണ്ടായത്. ക്ലാസ് മുറിയില്‍ കയറിയ നായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് പരിക്കറ്റത്. ക്ലാസ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
കോട്ടോപാടം സ്വദേശിനിയായ മെഹ്റയ്ക്കാണ് കടിയേറ്റത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് വിവരം. കുട്ടിയുടെ ഇടുപ്പിനാണ് കടിയേറ്റത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. മെഹ്റയെ കൂടാതെ സമീപവാസികളായ നാലുപേരെ കൂടി പട്ടി കടിച്ചിട്ടുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ 10.30-ന് സ്‌കൂളില്‍ ആദ്യ പിരീഡ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുന്‍സീറ്റിലിരുന്ന മെഹ്റയെ കടിക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി സ്‌കൂള്‍ പരിസരത്ത് നായയുടെ ശല്യമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പേപിടിച്ച ഒരു നായ ഓടിനടക്കുന്നതായി വാര്‍ത്ത പരന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നിരുന്നു. അതുകൊണ്ട് സാധാരണ നടന്ന് സ്‌കൂളില്‍ പോകുന്ന മകളെ കാറിലാണ് ഇന്ന് സ്‌കൂളില്‍ കൊണ്ടുവിട്ടതെന്നും പിതാവ് പറയുന്നു.
Discussion about this post