പാലക്കാട്: 32കാരിയെ ഭർത്താവ് ഭാര്യവീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് നല്ലേപ്പിള്ളിയിൽ ആണ് സംഭവം. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് സജേഷുമായുള്ള പ്രശ്നങ്ങളെതുടർന്ന് ഊർമിള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഊർമിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു.
എന്നാൽ, പിന്നീട് ജോലി സ്ഥലത്തേക്ക് പോയ ഊർമിളയെ വഴിയിൽ പാടത്ത് വച്ച് സജേഷ് ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങി. ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ നടന്നുവരികയാണ്.










