പത്തനംതിട്ട: മദ്യലഹരിയിൽ ഓട്ടോ ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ. ഓട്ടോ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പത്തനംതിട്ട അഴൂരിൽ ആണ് സംഭവം. വള്ളിക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ രഞ്ജിത്താണ് അറസ്റ്റിലായത്. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായി പോയ ഓട്ടോ റോഡിൽ നിന്ന് തെന്നി മാറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
അഴൂർ ജംഗ്ഷനിൽ വച്ചാണ് രഞ്ജിത്ത് ഓടിച്ചിരുന്ന ഓട്ടോ കോന്നി ഭാഗത്ത് നിന്ന് വന്ന മറ്റൊരു ഓട്ടോയെ ഇടിച്ചുതെറിപ്പിച്ചത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ഓട്ടോ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങിവന്ന വകയാർ സ്വദേശികളായ അനിലും ഭാര്യ സ്മിതയും സഞ്ചരിച്ച ഓട്ടോയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ, ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ജോൺസണനെ കോട്ടയം മെഡി. കോളേജിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ രഞ്ജിത്തും ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.








