ന്യൂഡൽഹി : ഡൽഹി വായു മലിനീകരണത്തിൽ പഞ്ചാബിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വിളവെടുപ്പിന് ശേഷം വയലുകളിൽ അവശേഷിക്കുന്ന വൈക്കോൽ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി പഞ്ചാബിന് നിർദ്ദേശം നൽകി. പഞ്ചാബിലെ ഈ വയലുകൾ കത്തിക്കൽ നിമിത്തം രൂക്ഷമായ വായു മലിനീകരണം ആണ് ഡൽഹി അടക്കമുള്ള പ്രദേശങ്ങളിൽ നേരിടുന്നത്.
വായു മലിനീകരണ വിഷയങ്ങൾ കേൾക്കുന്ന ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയിട്ടുള്ളത്. പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് വ്യാപകമാണെന്നും ഇതുമൂലം കടുത്ത വായു മലിനീകരണം ആണ് സൃഷ്ടിക്കുന്നത് എന്നും ജഡ്ജിമാർ അഭിപ്രായപ്പെട്ടു. പഞ്ചാബിലൂടെ സഞ്ചരിക്കുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായ തീപിടിത്തം കണ്ടതായി ജസ്റ്റിസ് കൗൾ നിരീക്ഷിച്ചു.
കോടതിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ചീഫ് സെക്രട്ടറിമാരെയും പോലീസ് ഡയറക്ടർ ജനറലിനെയും മേൽനോട്ടം ഏൽപ്പിക്കണമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. പഞ്ചാബിൽ 2,000-ത്തിലധികം കാർഷിക തീപിടിത്തങ്ങൾ ആണ് അടുത്ത ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post