ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഒറ്റ ഇരട്ട വാഹന നമ്പർ പദ്ധതി നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് കുറച്ചതായി സർക്കാർ. ഇത് സംബന്ധിച്ച് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഈ ക്രമീകരണത്തിന്റെ പ്രയോജനത്തെക്കുറിച്ച് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ സത്യവാങ്മൂലം. ഡൽഹി സർക്കാരിന്റെ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് ഒറ്റ ഇരട്ട വാഹന നമ്പർ പദ്ധതിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഡൽഹിയിൽ ഒറ്റ-ഇരട്ട രീതി നടപ്പിലാക്കിയിട്ടുണ്ട്, പക്ഷേ അത് എപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടോ? എല്ലാം ഒപ്റ്റിക്സ് ആണ് എന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഒറ്റ-ഇരട്ട പദ്ധതി നഗരത്തിൽ വലിയ സ്വാധീനം ചെലുത്തി. ഇത് പൊതുഗതാഗതത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ഇന്ധന ഉപയോഗത്തിൽ 15 ശതമാനത്തോളം ഇടിവും ഉണ്ടാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. ഇത് കൂടാതെ, ഈ ജൂലൈ മുതൽ പരിസ്ഥിതി നഷ്ടപരിഹാര ചാർജ് ഇനത്തിൽ 14 കോടി രൂപ സമാഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എന്തുകൊണ്ട് ഡൽഹി രജിസ്റ്റർ ചെയ്യാത്ത ടാക്‌സികൾ നിരോധിച്ചില്ല എന്ന് കോടതി ചോദിച്ചു. ചോദ്യത്തിന് പൂർണമായി ഒരു നിരോധനം സാധ്യമല്ലെന്നും ഇന്ധനത്തിന്റെ തരത്തിന്റെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പരിഗണിക്കാവുന്നതാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. വായു മലിനീകരണം തടയുന്നതിൽ ഒറ്റ- ഇരട്ട പദ്ധതി എത്രമാത്രം വിജയകരമാണെന്ന് സുപ്രീം കോടതി അവലോകനം ചെയ്ത് ഉത്തരവിറക്കുന്നതു വരെ ഇത് നിർത്തിവക്കുകയാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഇന്നലെ അറിയിച്ചിരുന്നു.
Discussion about this post