യു എസ് : മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും കുറഞ്ഞ ഓപ്പണിംഗായി ദി മാർവൽസിനു യു എസിൽ തുടക്കം. ആദ്യവാര പ്രദർശനത്തിൽ വെറും 47 മില്യൺ ഡോളറാണ് ചിത്രം നേടിയത്. യു എസിലെ മാർവൽസ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എം സി യു ) ഏറ്റവും കുറഞ്ഞ കളക്ഷനാണ് ഇത്.
2019 -ൽ എം സി യുവിന്റെ അവേഞ്ചേഴ്‌സ് എൻഡ്ഗെയിം ആഗോള തലത്തിൽ ടിക്കറ്റ് വിൽപ്പനയിൽ 1.2 ബില്യൺ ഡോളർ റെക്കോർഡ് തകർത്തുകൊണ്ട് ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ചിരുന്നു.
2019-ലെ ക്യാപ്റ്റൻ മാർവൽ ചിത്രത്തിന് ശേഷം ബ്രീ ലാർസൺ, ഇമാൻ വെള്ളനി, ടെയോന പാരിസ് എന്നിവർ അഭിനയിച്ച സിനിമയാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയിരിക്കുന്ന ദി മാർവൽസ്. ആദ്യ ചിത്രത്തേക്കാൾ 67 ശതമാനം ഇടിവാണ് കളക്ഷനിൽ ഉണ്ടായതെന്ന് അനലിസ്റ്റ് ഡേവിഡ് എ ഗ്രോസ് പറഞ്ഞു. “ഈ ഓപ്പണിംഗ് സൂചിപ്പിക്കുന്നത് മാർവലിന്റെ അപൂർവ്വമായ ബോക്‌സ് ഓഫീസ് തകർച്ചയെയാണ് ” അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സാധാരണഗതിയിൽ മാർവെൽ സീരിസിന്റെ രണ്ടാം ഭാഗം ഒറിജിനലിനെക്കാൾ മികച്ചതാവാറുണ്ടെന്നും ഇപ്പോഴത്തെ ഇടിവ് നികത്തി നിർമ്മാണച്ചിലവായ 220 മില്യൺ ഡോളർ തിരിച്ചുപിടിക്കാൻ മാർവൽസിനു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മെയ് മാസം റിലീസായ ഗാർഡിയൻസ് ഓഫ് ഗാലക്സിയുടെ മൂന്നാം ഭാഗം യുഎസിൽ 118 മില്യൺ ഡോളർ നേടി മികച്ച ബോക്‌സ് ഓഫീസ് പ്രകടനം കാഴ്ചവച്ചു.
യു എസിലെ അഭിനേതാക്കളുടെ സമരം മൂലം ദി മാർവൽസിന്റെ താരങ്ങളുൾപ്പെട്ട പ്രൊമോഷൻ വേണ്ടവിധം നടത്താൻ കഴിയാത്തതു സിനിമ കളക്ഷനെ ബാധിച്ചിരിക്കാമെന്നും ഗ്രോസ് അഭിപ്രായപ്പെട്ടു. കൂടാതെ സ്ട്രീമിംഗ് സേവനങ്ങളുടെ വളർച്ചയും സിനിമാ വരുമാനത്തെ സാരമായി ബാധിക്കാവുന്ന ഘടകമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അതേസമയം സൂപ്പർ ഹീറോ സിനിമകളിലുള്ള ആസ്വാദകർക്കുള്ള താൽപ്പര്യം കുറഞ്ഞുവരികയാണെന്ന് സിനമ വിദഗ്‌ദ്ധനായ മൈൽസ് സറേ ചൂണ്ടിക്കാട്ടി.
Discussion about this post