ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നടന്ന വന്‍ ഭൂമി കുംഭകോണം മറയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നാരോപിച്ച് ഡല്‍ഹി വിജിലന്‍സ് മന്ത്രി അതിഷി. ചീഫ് സെക്രട്ടറി നരേഷ് കുമാറിനെയും ഡിവിഷന്‍ കമ്മീഷണര്‍ അശ്വനി കുമാറിനെയും അതാത് സ്ഥാനങ്ങളില്‍ നിന്ന് ഉടന്‍ മാറ്റണമെന്നാവശ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സമീപിച്ചു. ഇത് സംബന്ധിച്ച് വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് മന്ത്രി അതിഷി ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
670 പേജുകളുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ദ്വാരക എക്സ്പ്രസ് വേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തന്റെ മകന്‍ കരണ്‍ ചൗഹാനുമായി ബന്ധമുള്ള ഒരു കമ്പനിക്ക് വേണ്ടി വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നാണ് വിജിലന്‍സ് മന്ത്രിയുടെ കണ്ടെത്തല്‍. കമ്പനിക്ക് അനധികൃത ലാഭം നല്‍കുന്നതിനായി ബാംനോലി ഗ്രാമത്തിലെ ഭൂമിയുടെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുകയും ഇതില്‍ ചീഫ് സെക്രട്ടറിയുടെ വ്യക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അതിഷി ആരോപിക്കുന്നു.
850 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും അതിന്റെ വ്യാപ്തി 312 കോടി രൂപയായി കുറച്ചുകാണിക്കാന്‍ ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഡല്‍ഹി വിജിലന്‍സ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നരേഷ് കുമാറിന്റെ മകന് ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയ ഭൂവുടമകളുമായി നേരിട്ട് ബിസിനസ് ബന്ധമുണ്ടെന്ന് വ്യക്തമായതായി അതിഷി ചൂണ്ടിക്കാട്ടുന്നു.
നരേഷ് കുമാര്‍ ഡല്‍ഹി ചീഫ് സെക്രട്ടറിയായതിന് ശേഷം മകന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ലഭിച്ച നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കാന്‍ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തിട്ടുണ്ട്. ഡിവിഷന്‍ കമ്മീഷണര്‍ അശ്വനി കുമാര്‍ ഈ വിഷയത്തിന്‍മേലുള്ള ഫയലുകള്‍ നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് സംഭവത്തില്‍ സംശയങ്ങള്‍ ഉടലെടുത്തതെന്നും കൂട്ടുകെട്ടിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
“തെളിവുകള്‍ നശിപ്പിക്കുകയോ അനാവശ്യ ഇടപെടലുകള്‍ നടത്തുകയോ ചെയ്യുന്നത് തടയുന്നതിനായി ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ എത്രയും വേഗം അവരില്‍ നിന്ന് പിടിച്ചെടുക്കണം. കൂടാതെ ചീഫ് സെക്രട്ടറി നരേഷ് കുമാറിനും ഡിവിഷണല്‍ കമ്മീഷണര്‍ അശ്വനി കുമാറിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം”, ഡല്‍ഹി വിജിലന്‍സ് മന്ത്രി ശുപാര്‍ശ ചെയ്തു. നിലവിലെ സിബിഐ അന്വേഷണത്തിന് കൂടുതല്‍ സഹായകമാകുന്നതിനായി താന്‍ കണ്ടെത്തിയ വസ്തുതകളുടെ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് അന്വേഷം ഏജന്‍സിക്ക് കൈമാറണമെന്നും അതിഷി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.








