കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 29 വരെയാണ് റിമാൻഡിൽ വിട്ടിരിക്കുന്നത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാർട്ടിനെ വീണ്ടും റിമാൻഡിൽ വിട്ടത്. അഭിഭാഷകന്‍ വേണ്ടെന്ന് തന്നെയാണ് മാർട്ടിന്റെ നിലപാട്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ വീണ്ടും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ കാക്കനാട് ജയിലിലേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ പോലീസ് കണ്ടെടുത്തിരുന്നു. മാർട്ടിന്റെ സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു റിമോട്ടുകൾ. നാല് റിമോട്ടുകളിൽ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് മാർട്ടിൻ പറയുന്നത്. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര സ്റ്റേഷനിലെത്തി റിമോട്ടുകൾ വണ്ടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് മാർട്ടിൻ നൽകിയ മൊഴി.
ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ലിബ്നയുടെ (12) മാതാവ് സാലി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലായിരുന്ന സാലി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. മകൾ 12 വയസ്സുകാരി ലിബ്ന ബോംബ് സ്‌ഫോടനം നടന്നതിന്റെ പിറ്റേന്നാണ് മരിച്ചത്. ചികിത്സയിലുള്ള മകൻ പ്രവീൺ അപകടനില തരണംചെയ്തിട്ടില്ല. മറ്റൊരു മകൻ രാഹുലിനും പൊള്ളലേറ്റിരുന്നെങ്കിലും ഗുരുതരമല്ല. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേരാണ് ഹാളിലുണ്ടായിരുന്നത്.
Discussion about this post