കൊൽക്കത്ത: ക്രമസമാധാന തകർച്ച രൂക്ഷമായ പശ്ചിമ ബംഗാളിൽ തെരുവ് യുദ്ധങ്ങളും ഗുണ്ടാവിളയാട്ടവും തുടരുന്നു. നോർത്ത് 24 പർഗാനയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന് നടന്ന ബോംബ് സ്ഫോടനത്തിൽ പഞ്ചായത്ത് പ്രധാന് ഗുരുതരമായി പരിക്കേറ്റു. രൂപ്ചന്ദ് മണ്ഡൽ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗത്ത് 24 പർഗാനയിൽ തൃണമൂൽ പ്രാദേശിക നേതാവ് സെയ്ഫുദ്ദീൻ ലസ്കർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു അക്രമാസക്തരായ പ്രവർത്തകർ കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ചത്. നിസ്കരിക്കാൻ പോകവെയായിരുന്നു സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടത്. ഇയാളെ അജ്ഞാതനായ അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
സെയ്ഫുദ്ദീന്റെ കൊലപാതകത്തിന് പിന്നാലെ തൃണമൂൽ പ്രവർത്തകർ അഴിച്ചുവിട്ട ആക്രമണങ്ങളിൽ രൂപ്ചന്ദ് മണ്ഡലിനെ കൂടാതെ നിരവധി സാധാരണക്കാർക്കും പരിക്കേറ്റു. തുടർന്ന് നടന്ന സംഘർഷങ്ങളിൽ ഷഹാബുദ്ദീൻ എന്നയാളാണ് കൊല്ലപ്പെട്ടത്.
അതേസമയം, തൃണമൂൽ നേതാവ് സെയ്ഫുദ്ദീൻ ലാസ്കറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം- ബിജെപി ഗൂഢാലോചനയാണെന്ന് തൃണമൂൽ എം പി ശാന്തനു സെൻ ആരോപിച്ചു. ആരോപണം നിഷേധിച്ച ബിജെപി, സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് ഉത്തരവാദികൾ തൃണമൂൽ കോൺഗ്രസും സംസ്ഥാന സർക്കാരുമാണെന്ന് തിരിച്ചടിച്ചു. സംസ്ഥാനത്ത് നടക്കുന്നത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണന്ന് ബിജെപി എം എൽ എ അഗ്നിമിത്ര പോൾ വ്യക്തമാക്കി.
Discussion about this post