അഹമ്മദാബാദ്: അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് തടസപ്പെടുത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുൻ. നാളെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനൽ തടസ്സപ്പെടുത്തുമെന്നാണ് ഭീഷണി. വീഡിയോയിലൂടെയാണ് ഭീഷണി മുഴക്കി പന്നുൻ രംഗത്ത് എത്തിയത്.
1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പന്നൂൻ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് വീഡിയോയിൽ നടക്കുന്നത്. ഇത് കൂടാതെ, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും ഖാലിസ്ഥാനി ഭീകരൻ പരാമർശിക്കുന്നുണ്ട്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാളത്തെ മത്സരം കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും എത്തും. ഭീഷണി വീഡിയോയ്ക്ക് പിന്നാലെ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദ്, ഡൽഹി, അമൃത്സർ വിമാനത്താവളങ്ങളിലെ സുരക്ഷയും വർദ്ധിപ്പിച്ചു.
ഇതാദ്യമായല്ല പന്നൂൻ ഭീഷണി വീഡിയോ പുറത്തുവിടുന്നത്. ഒക്ടോബറിൽ, ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന് പിന്നാലെ, ഇന്ത്യയിലും സമാന അവസ്ഥ ഉണ്ടാകുമെന്ന രീതിയിൽ പ്രധാന മന്ത്രിക്കെതിരെ ഭീഷണി ഉയർത്തിയിരുന്നു. ഇതിനു പുറമേ സെപ്റ്റംബറിൽ, ഇന്ത്യ-പാക് ഐസിസി ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായും ഭീകരന്റെ ഭീഷണി എത്തിയിരുന്നു.








