ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ ബ്രിട്ടൺ തടവിലാക്കിയ മത്സ്യത്തൊഴിലാളികൾ തിരികെ നാട്ടിലേക്ക്. തമിഴ്‌നാട് സ്വദേശികളായ 35 പേരെയാണ് ബ്രിട്ടീഷ് അധികൃതർ വിട്ടയച്ചത്. സെപ്തംബർ 29 നായിരുന്നു മത്സ്യബന്ധനത്തിനായി പോയ ഇവരെ ബ്രിട്ടീഷ് തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ സമാസമുദ്രത്തിൽ മത്സ്യബന്ധനത്തിനായി പോയതായിരുന്നു തൊഴിലാളികൾ. എന്നാൽ ഇതിനിടെ അതിർത്തി ലംഘിച്ച് ബ്രിട്ടന്റെ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു. രണ്ട് ബോട്ടുകളിലായിട്ടായിരുന്നു തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോയത്. എന്നാൽ ഇത് പട്രോളിംഗ് നടത്തുകയായിരുന്നു ബ്രിട്ടീഷ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
രണ്ട് ബോട്ടുകളും 35 മത്സ്യത്തൊഴിലാളികളെയും അധികൃതർ അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചതിന് ബോട്ടിന് 25,000 ബ്രിട്ടീഷ് പൗണ്ട് പിഴയടയ്ക്കണം എന്നായിരുന്നു നിർദ്ദേശം. ഇത് അടച്ചതോടെയാണ് മത്സ്യത്തൊഴിലാളികളുടെ മോചനം സാദ്ധ്യമായത്.
അതേസമയം ഒരു ബോട്ടിന് ചുമത്തിയ പിഴയാണ് അടച്ചത്. പിഴ അടയ്ക്കാത്തതിനാൽ രണ്ടാമത്തെ ബോട്ട് അധികൃതർ വിട്ട് നൽകിയിട്ടില്ല. ബ്രിട്ടീഷ് തീരസംരക്ഷണ സേനയുടെ ബോട്ടിൽ വിഴിഞ്ഞം തീരത്താകും മത്സ്യത്തൊഴിലാളികളെ എത്തിക്കുക.








