ഡെറാഡൂൺ: ഉത്തരാഖണ്ഡ് ടണലിൽ തുടരുന്ന രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം വിവരങ്ങൾ ആരാഞ്ഞത്. തുടർച്ചയായ 11ാം ദിനമാണ് ടണലിൽ രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നത്.
പ്രധാനമന്ത്രിയുമായി സംസാരിച്ച വിവരം പുഷ്‌കർ സിംഗ് ധാമി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറായി രക്ഷാപ്രവർത്തനങ്ങളിൽ ഉണ്ടായ പുരോഗതി അദ്ദേഹത്തെ അറിയിച്ചു. മുഴുവൻ പേരെയും ജീവനോടെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുകയാണ്. കുടുങ്ങിയവർക്ക് ഭക്ഷണം കൃത്യമായി എത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയെ അറിയിച്ചതായി ധാമി കൂട്ടിച്ചേർത്തു.
വെർട്ടിക്കൽ ഡ്രില്ലിംഗിലൂടെ ടണലിൽ കുടുങ്ങിയവരെ പുറത്ത് എത്തിക്കാനുള്ള നീക്കമാണ് നിലവിൽ തുടരുന്നത്. ഇതിനായുള്ള സ്ഥലം ഇന്ന് രാവിലെ കണ്ടെത്തിയിട്ടുണ്ട്. യന്ത്രങ്ങൾ എത്തുന്ന മുറയ്ക്ക് വെർട്ടിക്കൽ ഡ്രില്ലിംഗ് ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
41 തൊഴിലാളികളാണ് ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ ആരോഗ്യ-മാനസിക നില മോശമാകാതിരിക്കാനുള്ള എല്ലാ നടപടികളും സർക്കാർ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇവർ ബന്ധുക്കളുമായി സംസാരിച്ചിരുന്നു.









