ന്യൂഡല്‍ഹി : നവീകരണത്തേയും ഡിജിറ്റല്‍ സാങ്കേതികവിദ്യയേയും ശക്തമായി പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ മനുഷ്യ കേന്ദ്രീകൃത സമീപനം സ്വീകരിക്കുന്നതിനും ജി 20 ഊന്നല്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ ജി 20 യുമായി ബന്ധപ്പെടുകയും അത് ഒരു ഉത്സവമായി ആഘോഷിക്കുകയും ചെയ്തതിനാല്‍ ഇന്ത്യയുടെ പ്രസിഡന്‍സിക്ക് കീഴിലുള്ള ജി 20 ജനങ്ങളുടെ 20 ആയി അംഗീകരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 20 വെര്‍ച്വല്‍ ഉച്ചകോടിയിലെ തന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഞങ്ങള്‍ ഒരുമിച്ച് ബഹുമുഖ വികസന ബാങ്കുകള്‍ക്കും ആഗോള ഭരണ പരിഷ്കരണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ജി 20 ഉച്ചകോടിക്ക് ജനങ്ങളുടെ 20 എന്ന അംഗീകാരം ലഭിച്ചു. രാജ്യത്തെ കോടിക്കണക്കിന് ആളുകളാണ് ജി 20യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ അത് ഒരു ഉത്സവമായി ആഘോഷിച്ചു”, മോദി പറഞ്ഞു.
“അവിശ്വാസവും വെല്ലുവിളികളും നിറഞ്ഞ ഇന്നത്തെ ലോകത്തിലെ ആളുകളെ ബന്ധിപ്പിക്കുകയും കൂട്ടിയിണക്കുകയും ചെയ്യുന്നതിന് ജി 20 സഹായിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് എന്റെ സുഹൃത്തും ഇന്തോനേഷ്യന്‍ പ്രസിഡന്റുമായ ജോക്കോ വിഡോഡോ എനിക്ക് ജി20 യുടെ ആചാരപരമായ ഗാവല്‍ എനിക്ക് കൈമാറിയത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ത്യയില്‍ വച്ച് നടക്കുന്ന ജി 20 ഉച്ചകോടി എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതും, നിര്ണ്ണായകവുമാകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിനിപ്പുറം ഞങ്ങള്‍ എല്ലാവരും അത് ഒരുമിച്ച് പ്രവര്‍ത്തിച്ച് ജി 20 ഉച്ചകോടിയെ ഉയരങ്ങളിലെത്തിച്ചു”, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അവിശ്വാസവും വെല്ലുവിളികളും നിറഞ്ഞ ഇന്നത്തെ ലോകത്ത്, പരസ്പര വിശ്വാസമാണ് നമ്മെ ബന്ധിപ്പിക്കുന്നതും കൂട്ടിയിണക്കുന്നതും. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന മുദ്രാവാക്യത്തിലൂന്നി വിവാദങ്ങള്‍ക്ക് പകരം ഐക്യവും സഹകരണവും ലോകത്തിന് മുമ്പില്‍ കാണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഫ്രിക്കന്‍ യൂണിയനെ ജി20യിലെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ‘വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് സമ്മിറ്റില്‍’ പങ്കെടുത്ത 130 ഓളം രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ ആഗോള ദക്ഷിണ രാജ്യങ്ങള്‍ക്ക് വേണ്ടി എടുത്ത തീരുമാനങ്ങളെ അഭിനന്ദിച്ചതായി അദ്ദേഹം പറഞ്ഞു.
“ഡല്‍ഹിയില്‍ ഞങ്ങളെല്ലാവരും ആഫ്രിക്കന്‍ യൂണിയനെ ജി 20യിലേക്ക് സ്വാഗതം ചെയ്ത ആ നിമിഷം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ജി 20 ലോകത്തിന് മുഴുവന്‍ നല്കിയ സന്ദേശം അഭൂതപൂര്‍വമാണ്. ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ ആഫ്രിക്കയ്ക്ക് ശബ്ദം ലഭിച്ചുവെന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്”, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post