ന്യൂഡൽഹി: പുരുഷന്മാരായ തയ്യൽക്കാരെ വസ്ത്രത്തിന്റെ അളവെടുക്കാൻ അനുവദിക്കുന്നത് മുസ്ലീം സ്ത്രീകൾക്ക് ഹറാമെന്ന് ദേവബന്ദ് മുസ്ലീം പണ്ഡിതൻ മുഫ്തി ആസാദ് കാസിമി. പുരുഷന്മാരായ തുന്നൽക്കാർ അളവെടുത്ത് തുന്നിയ വസ്ത്രങ്ങൾ മുസ്ലീം സ്ത്രീകൾ ധരിക്കാൻ പാടില്ല. എന്നാൽ നേരത്തേ തുന്നി വെച്ചിരിക്കുന്ന വസ്ത്രങ്ങൾ അളവിനായി പുരുഷന്മാരായ തുന്നൽക്കാരെ ഏൽപ്പിക്കുന്നതിൽ തെറ്റില്ലെന്നും കാസിമി പറഞ്ഞു.
പുരുഷന്മാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകളിൽ മുസ്ലീം സ്ത്രീകൾ പോകരുതെന്ന കാസിമിയുടെ പ്രസ്താവന നേരത്തേ വിവാദമായിരുന്നു. പെൺകുട്ടികൾ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകളിൽ മാത്രമേ മുസ്ലീം സ്ത്രീകൾ പോകാൻ പാടുള്ളൂവെന്നും ഇയാൾ പറഞ്ഞിരുന്നു.
നേരത്തേ, താടി നീക്കം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ ഫത്വ പുറപ്പെടുവിച്ച ദേവബന്ദ് ഇസ്ലാമിക പുരോഹിതൻ മൗലാന ഹുസ്സൈൻ അഹമ്മദ് ഹരിദ്വാരിയുടെ നടപടിയും ചർച്ചയായിരുന്നു. ഇസ്ലാമിൽ താടിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തുടർന്ന്, താടിയില്ലാതെ ക്യാമ്പസിലേക്ക് എത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും താടി വടിച്ചവരെ പുറത്താക്കുമെന്നും അടുത്ത സെമസ്റ്റർ മുതൽ ആരും താടി നീക്കം ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കാട്ടി ഇസ്ലാമിക സെമിനാരിയായ ദാറുൾ ഉലൂം ദേവബന്ദ് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇസ്ലാമിക വിശ്വാസികൾ താടി വടിയ്ക്കുകയോ, ട്രിം ചെയ്ത് ചെറുതാക്കുകയോ ചെയ്യരുതെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post