ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നാല് ദിവസത്തേക്കാണ് കരാർ. ഇന്നലെയാണ് കരാറിന് ഇസ്രായേൽ പ്രത്യേക യുദ്ധകാല മന്ത്രിസഭ അംഗീകാരം നൽകിയത്. വെടിനിർത്തലിന് പകരമായി ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. ചർച്ചയിൽ 38 അംഗ ഇസ്രയേൽ മന്ത്രിസഭ നാല് ദിവസം വെടിനിർത്താൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മന്ത്രിമാർ ഒഴികെ എല്ലാ അംഗങ്ങളും വെടിനിർത്തലിനോട് യോജിച്ചു.
ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് ദിവസമായാണ് മോചനം. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗാസയിൽ നടത്തില്ലെന്നാണ് കരാർ. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നാണ് ഇസ്രയേലിൻറെ തീരുമാനം.
ഈ കാലയളവിൽ ഇന്ധനങ്ങൾ ഉൾപ്പടെ 300 ഓളം ട്രക്കുകൾ ഗാസ മുനമ്പിലേക്ക് അനുവദിക്കും. പ്രതിദിനം ആറ് മണിക്കൂർ ഡ്രോണുകൾ പറത്തില്ലെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ ഇടവേളയിൽ, പലസ്തീനികളെ കുടിയിറക്കപ്പെട്ട വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post